Kerala
തിരുവനന്തപുരം: സിപിഐക്കും പാർട്ടി സെക്രട്ടറി ബിനോയ് വിശ്വത്തിനുമെതിരേ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തിയ പ്രതികരണങ്ങൾക്ക് പിന്നീട് മറുപടി നൽകാമെന്നും തത്കാലം നേതാക്കളൊന്നും അദ്ദേഹത്തിനെതിരേ പ്രതികരിക്കരുതെന്നും ഇന്നലെ ചേർന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ബിനോയ് വിശ്വം പറഞ്ഞു.
സിപിഐ പണം വാങ്ങിയെന്ന് വെള്ളാപ്പള്ളി പറഞ്ഞതിന് തക്കതായ മറുപടി കൊടുത്തിട്ടുണ്ട്. ഇനി അക്കാര്യത്തിൽ കൂടുതൽ പ്രതികരിച്ച് വിവാദങ്ങൾ ഉണ്ടാക്കേണ്ട കാര്യമില്ല.
പാർട്ടി സമ്മേളനത്തിനായി പണം പിരിച്ചത് ഒദ്യോഗിക രസീത് നൽകിയാണ്. ഇക്കാര്യത്തിൽ തനിക്കോ പാർട്ടി നേതൃത്വത്തിനോ ഒരു അവ്യക്തതയുമില്ലെന്നും വെള്ളാപ്പള്ളിയെ അയാളുടെ വഴിക്ക് വിട്ടേക്കൂ എന്നും സെക്രട്ടേറിയറ്റിൽ ബിനോയ് വിശ്വം പറഞ്ഞു.
സെക്രട്ടറി പറഞ്ഞ സാഹചര്യത്തിൽ മറ്റു നേതാക്കളൊന്നും ഇതുസംബന്ധിച്ച് ചർച്ചയ്ക്കും മുതിർന്നില്ല. നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ എല്ലാ പാർട്ടി ഘടകങ്ങൾക്കും സെക്രട്ടേറിയറ്റ് നിർദേശം നൽകി. വരും ദിവസങ്ങളിൽ ജില്ലാ കൗണ്സിലുകളും മണ്ഡലം കമ്മിറ്റികളും ചേർന്ന് പ്രവർത്തനങ്ങൾ പ്ലാൻ ചെയ്യും.
Kerala
തിരുവനന്തപുരം: ഇടതുമുന്നണിയിലെ തർക്കങ്ങളിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഇടപെടുന്നതിൽ സിപിഐ കടുത്ത അമർഷത്തിൽ. കഴിഞ്ഞ ദിവസം സിപിഐയെ ചതിയന്മാർ എന്നു വിളിച്ച വെള്ളാപ്പള്ളിയെ /”അവരങ്ങനെയല്ല’ എന്നു മാത്രമാണു മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവന്ദനും പറഞ്ഞത്. എന്നിട്ടും വെള്ളാപ്പള്ളിയ്ക്കെതിരേ ഒരക്ഷരം മിണ്ടാൻ ഇരുവരും തയാറായില്ല. ഇതിൽ സിപിഐ നേതൃത്വം കടുത്ത അതൃപ്തിയിലാണ്. വെള്ളാപ്പള്ളിക്ക് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന ആക്ഷേപമാണ് ഒരു വിഭാഗം സിപിഐ നേതാക്കൾക്കുള്ളത്. വരും ദിവസങ്ങളിൽ ജില്ലകളിൽ പൊതുയോഗം സംഘടിപ്പിച്ചു വെള്ളാപ്പള്ളിക്ക് മറുപടി പറയാനാണു സിപിഐ തീരുമാനം.
പറയേണ്ടതു സിപിഐ ഇടതുമുന്നണിയിൽ പറയണമെന്നായിരുന്നു ഇന്നലെ വെള്ളാപ്പള്ളിയുടെ ഉപദേശം. കൂടാതെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ കാറിൽ കയറേണ്ട കാര്യം തനിക്കില്ലെന്നും തന്റെ കൈയിൽനിന്നു കൈ നീട്ടി കാശ് വാങ്ങിയതു സിപിഐ നേതാക്കൾ മറക്കരുതെന്നും വെള്ളാപ്പള്ളി പറഞ്ഞു. അദ്ദേഹത്തിന്റെ പരാമർശം സിപിഐക്കുള്ളിൽ വലിയ ചർച്ചയാകുകയാണ്. തത്കാലം വെള്ളാപ്പള്ളിക്ക് മറുപടി പറയുന്നില്ലായെന്നാണ് ബിനോയ് വിശ്വം പ്രതികരിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പു വരാനിരിക്കേ വലിയ വിവാദങ്ങളിലേക്കു പോകണ്ടായെന്ന നിർദേശമാണു സിപിഐ ദേശീയ നേതൃത്വം പാർട്ടി സംസ്ഥാന നേതൃത്വത്തിനു നൽകിയിരിക്കുന്നത്. എന്നാൽ വെള്ളാപ്പള്ളി സിപിഐയ്ക്കെതിരേ നിരന്തരം വിമർശനം നടത്തുന്പോഴും മുഖ്യമന്ത്രിയും സിപിഎം നേതൃത്വവും അദ്ദേഹത്തെ തള്ളിപ്പറയുന്നില്ലെന്ന പരാതി കഴിഞ്ഞ ദിവസം സിപിഐ ജനറൽ സെക്രട്ടറി ഡി. രാജയോടു ബിനോയ് സൂചിപ്പിരുന്നു. ഇതിനു ശേഷമാണു സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി വെള്ളാപ്പള്ളിയെ രൂക്ഷമായി വിമർശിക്കാൻ തയാറായത്.
വെള്ളാപ്പള്ളിയെ പൂർണമായും തള്ളിപ്പറയാൻ കഴിയാത്ത അവസ്ഥയിലാണു സിപിഎം. നിയമസഭാ തെരഞ്ഞെടുപ്പ് തന്നെയാണ് ഇതിനു കാരണം. ഇക്കാര്യം സിപിഐക്കും ബോധ്യമുള്ളതാണ്. എന്നാൽ പാർട്ടിയെ നിരന്തരം അദ്ദേഹം വിമർശിക്കുന്നതും മുന്നണിയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെട്ടു സംസാരിക്കുന്നതും സിപിഎം നേതൃത്വത്തിന്റെ കൂടി അറിവോടെയാണെന്നാണു സിപിഐ പ്രാദേശിക ഘടകങ്ങൾ മുതലുള്ള പ്രവർത്തകരുടെ വികാരം. മുഖ്യമന്ത്രിയും ഗോവിന്ദനും വെള്ളാപ്പള്ളിയെ വെള്ളപൂശാൻ തുനിയുന്പോഴും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലെ ഭൂരിഭാഗം നേതാക്കൾക്കും വിയോജിപ്പുണ്ടെന്നുള്ളതു സത്യമാണ്.
പക്ഷേ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും വെള്ളാപ്പള്ളി വിഷയത്തിൽ ഒരേ നിലപാടു സ്വീകരിക്കുന്നതാണ് അവരെയും കുഴപ്പിക്കുന്നത്. സിപിഐയും വെള്ളാപ്പള്ളി നടേശനും ഈ രീതിയിൽ മുന്നോട്ടുപോകുകയും മുഖ്യമന്ത്രിയും ഗോവിന്ദനും അദ്ദേഹത്തെ പിന്തുണയ്ക്കുകയും ചെയ്താൽ അത് ഇടതുമുന്നണിയുടെ നിലവിലെ കെട്ടുറപ്പിനെയും ദോഷമായി ബാധിക്കും.